
ദോഹ: ഖത്തറിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും രോഗാവധി (Sick Leave) രേഖപ്പെടുത്തുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വേണമെന്ന് ആരോഗ്യ-പോഷകാഹാര രംഗത്തെ പ്രമുഖ വിദഗ്ദ്ധ മോധി അൽ ഹജ്‌രി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാനും ഭരണനിർവ്വഹണം കൂടുതൽ എളുപ്പമാക്കാനും ഇത് സഹായിക്കുമെന്ന് 'ഗൾഫ് ടൈംസിന്' നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയിൽ നിലവിൽ ഡിജിറ്റൽ സിസ്റ്റം വഴിയാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അയക്കുന്നത്. എന്നാൽ മറ്റ് ചില സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഇപ്പോഴും പേപ്പർ സർട്ടിഫിക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ രേഖകൾ നിർമ്മിക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം രീതികൾ സുരക്ഷിതമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
വ്യക്തിഗത ഐഡി നമ്പറുമായി ബന്ധിപ്പിച്ച ഏകീകൃത ഡിജിറ്റൽ സിസ്റ്റം നടപ്പിലാക്കുക.
ആശുപത്രികളിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നേരിട്ട് തൊഴിലുടമകൾക്കോ, വിദ്യാർത്ഥികളുടെ കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനോ ആപ്പ് വഴി കൈമാറുക.
ജീവനക്കാരോ രക്ഷിതാക്കളോ കൈവശം പേപ്പർ സർട്ടിഫിക്കറ്റുകൾ കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാക്കുക.പ്രസവാവധി, പരിചരണ അവധി (Accompany leave), തൊഴിൽ സ്ഥലത്തെ പരിക്കുകൾ മൂലമുള്ള അവധി എന്നിവയ്ക്കും ഈ പ്ലാറ്റ്‌ഫോം ഭാവിയിൽ ഉപയോഗിക്കാം.
രേഖകളിൽ തിരിമറി നടത്തുന്നത് തടയാനും രാജ്യത്തെ ആരോഗ്യ മാതൃക കൂടുതൽ സുതാര്യമാക്കാനും ഇത്തരം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു











